മോദിയുടെ യു.എസ്. പര്യടനം ഇന്ന് മുതൽ

Friday, September 26, 2014 | 12:58:00 PM




ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വൈകിട്ട് 4.30നാണ് അദ്ദേഹം ന്യൂയോർക്കിലേക്ക് തിരിച്ചത്. ഐക്യ രാഷ്ട്ര സഭയുടെ 69-ാം പൊതുസഭയെ 27ന് അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്കൻ രാഷ്ട്രതലവന്മാരുമായി ചർച്ച നടത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് തീരുമാനമായിട്ടില്ല.

യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. സ്ഥിരാംഗത്വമെന്ന ആവശ്യം മോദി ചർച്ചയിൽ ഉന്നയിക്കും. 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾ നേരിടുന്നതിനുള്ള പരിഷ്‌കരണങ്ങൾ ഐക്യ രാഷ്ട്രസഭയുടെ ഘടനയിൽ വേണമെന്ന് യാത്രതിരിക്കും മുൻപ് മോദി പറഞ്ഞു.

28ന് ന്യൂയോർക്കിലെ മാഡിസൻ സ്വകയറിൽ 20000ത്തിലധികം ഇന്ത്യൻ വംശജരെയും മോദി അബിസംബോധന ചെയ്യും.29, 30 തീയതികളിലാണ് യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള മോദിയുടെ കൂടിക്കാഴ്ച. 29ന് വൈറ്റ് ഹൗസിൽ മോദിക്ക് ഒബാമ പ്രത്യേക വിരുന്ന് നൽകും. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. എന്നാൽ നവരാത്രി വ്രതം അനുഷ്ഠിക്കുന്ന മോദി പ്രത്യേക വിരുന്നിൽ ചായയും പഴവർഗങ്ങളും മാത്രമേ കഴിക്കു.

അമേരിക്കൻ ബിസിനസ് സമൂഹത്തിന്റെ പരിപാടിയിലും മോദി പങ്കെടുക്കും.ഗൂഗിൾ, ഐ.ബി.എം തുടങ്ങിയ കമ്പനികളുടെ മേധാവിമാരുമായും ചർച്ച നടത്തും.ലിങ്കൻ മെമ്മോറിയൽ, മാർട്ടിൻ ലൂഥർ കിംഗ് സ്‌മാരകം എന്നിവിടങ്ങളിൽ ആദരം അർപ്പിക്കുന്ന മോദി ഇന്ത്യ എംബസിക്കു മുന്നിലെ ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്‌പാഞ്ജലി നടത്തും.



0 comments:

Post a Comment